ഒരു കൂട്ടം അധ്യാപകരും പുസ്തകങ്ങളും ഏലപ്പാറ എന്ന ഗ്രാമത്തിൽ അക്ഷര വെളിച്ചം പരത്തുന്ന കഥ

 


" ഒരാൾ എന്തെങ്കിലും നേടാൻ വേണ്ടി ആത്മാർഥമായി ആഗ്രഹിക്കുന്നുവെങ്കിൽ ആ ആഗ്രഹം സഫലമാക്കാൻ ഈ ലോകം മുഴുവൻ അവന്റെ സഹായത്തിനെത്തും". - പുസ്തക ശേഖരണത്തിനിടെ ലഭിച്ച പൗലോ കൊയ്‌ലോയുടെ 'ആൽക്കെമിസ്റ്റ് 'ലെ വരികൾ, എത്ര യാഥാർത്ഥ്യമാണ് എന്നു തോന്നിപ്പോകും വിധത്തിലായിരുന്നു, ഏലപ്പാറ സ്കൂളിലേക്ക് എത്തുന്ന പുസ്തകങ്ങളുടെ എണ്ണവും. സ്കൂളിലെ മേശയിൽ ഷേക്സ്പിയർ സമ്പൂർണ്ണ കൃതികളും, വിശ്വ സാഹിത്യത്തിലെ ക്ലാസിക് കഥകളും, പുതു പുത്തൻ ഇയർ ബുക്കുകളും നിരന്നപ്പോൾ പൗലോ കൊയ്ലോ എഴുതിയത് എത്ര  സത്യം തന്നെയെന്ന്  അധ്യാപകരുംഓർത്തു കാണും. ഏലവും കുരുമുളകും കപ്പയും വിളയുന്ന, കണ്ണെത്താ ദൂരത്തോളം തേയില ചെടികൾ കാണാവുന്ന ഇടുക്കിയിലെ കൊച്ചു ഗ്രാമമായ ഏലപ്പാറയിൽ ലൈബ്രറി തുടങ്ങുക എന്ന ആശയം ഫെയ്സ്ബുക്കിൽ പങ്കു വെച്ചപ്പോൾ  മുതൽ കടൽ കടന്ന് വരെ പുസ്തകങ്ങൾ നൽകാമെന്ന വാഗ്ദാനം എത്തി. കേരളത്തിലെ വിവിധ ഇടങ്ങളിൽ നിന്ന് പുസ്തകം ഇപ്പോഴും എത്തി കൊണ്ടിരിക്കുന്നു. ലോകം മുഴുവൻ നന്മ നിറഞ്ഞ കാര്യങ്ങൾ നടപ്പാക്കാൻ കൂടെ നിൽക്കും എന്ന് എങ്ങനെ വിശ്വസിക്കാതിരിക്കാനാകും.

സ്കൂളിലേക്ക് എത്തിയ പുസ്തകങ്ങൾ

സ്കൂളിലേക്ക് എത്തിയ പുസ്തകങ്ങൾ

തീവ്ര ആഗ്രഹത്തിന്റെ തുടക്കം; ജീവിതം മാറ്റി മറിക്കുന്ന വായനശാല

ഏലപ്പാറയിലെ സാധാരണ കാഴ്ച്ചകളിലൊന്നാണ് കൊളുന്ത് നുള്ളുന്ന തൊഴിലാളികൾ. ജീവിത കാലം ഒറ്റമുറി ലയങ്ങളിൽ കഴിയാൻ വിധിക്കപ്പെട്ടവരാണ് ഇവരിൽ ചിലർ. ഏലപ്പാറ പഞ്ചായത്ത് ഹൈസ്കൂളിലാണ് എസ്റ്റേറ്റ് മേഖലയിലെ ഭൂരിഭാഗം കുട്ടികളും പഠിക്കുന്നത്.

വിദ്യാഭ്യാസം മാത്രമാണ് ഇവരുടെ ദുരിത ജീവിതത്തിൽ നിന്ന് രക്ഷപ്പെടാൻ ഉള്ള ഏക മാർഗ്ഗം. അത്തരമൊരു മാർഗ്ഗത്തിലേക്കുള്ള ചുവടു വയ്പ്പിനായാണ് ഏലപ്പാറ പഞ്ചായത്ത് ഹൈസ്കൂൾ അധ്യാപകർ പൊതു ജനങ്ങൾക്ക് കൂടി ഉപകാരമാകുന്ന ലൈബ്രറി എന്ന ആശയത്തിൽ എത്തുന്നത്. സ്കൂൾ പ്രധാനാധ്യാപിക ആന്റണി ചിന്നമ്മാളുടെ പൂർണ്ണ പിന്തുണയും ഇവർക്ക് കിട്ടി.

 ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ തുടക്കം


ഏലപ്പാറ പഞ്ചായത്ത് ഹൈസ്കൂൾ അധ്യാപകൻ ഫൈസൽ മുഹമ്മദ് സമൂഹമാധ്യമത്തിൽ

 ഇട്ട പോസ്റ്റിലൂടെയാണ് പുസ്തക ശേഖരണത്തിന്റെ തുടക്കം. സ്കൂൾ തുറക്കാത്തതോടെ കടകളിലും മറ്റും  ജോലിക്ക് പോകുന്ന ധാരാളം കുട്ടികൾ ഏലപ്പാറയിലെ എസ്റ്റേറ്റ് മേഖലയിൽ ഉണ്ട്. പഠിക്കണം എന്ന ആഗ്രഹമുള്ളവരെ പട്ടിണിയും ദാരിദ്രവും ജോലി ചെയ്യാൻ നിർബന്ധിക്കുന്ന സാഹചര്യം. പൊതുജനങ്ങൾക്ക് കൂടി ഉപകാരപ്പെടുന്ന വായനശാലയിലൂടെ കൂടുതൽ അറിവ് പകർന്നു നൽകാൻ കഴിയും. അത് തന്നെയാണ് അധ്യാപകരുടെ ആവശ്യവും.

" എഴുതുമ്പോൾ വലിയ സങ്കടമുണ്ട്" എന്ന വരികളിലൂടെയാണ് പോസ്റ്റിന്റെ തുടക്കം.

" പിള്ളേർ പഠനത്തോടൊപ്പം ജോലി ചെയ്യുന്നതിനെ അംഗീകരിക്കുന്ന ആളാണ് ഞാൻ. എന്നാൽ ഒരു സർക്കാർ ജോലിയോ മറ്റോ ഈ കുട്ടികൾക്ക് ലഭ്യമായാൽ അവനും അവന്റെ തലമുറയും രക്ഷപ്പെടും എന്ന ചിന്തയിൽ നിന്നാണ് ഈ കുട്ടികൾക്ക് ആകെയുള്ള ചെറിയ സ്കൂൾ ലൈബ്രറി വിപുലപ്പെടുത്താൻ അധ്യാപകർ തീരുമാനിക്കുന്നത്". - അറിവ് തേടിയുള്ള ഫെയ്സ്ബുക്ക് കുറിപ്പിലെ  വാചകങ്ങൾ. പുസ്തകങ്ങൾ ആവശ്യപ്പെട്ടു കൊണ്ടുള്ള പോസ്റ്റർ സൗജന്യമായി തയാറാക്കിയ അരുൺ വി. രാജിൽ തുടങ്ങുന്നു, നല്ല കാര്യങ്ങൾക്കായി പ്രകൃതി കുടെ നിൽക്കുന്ന കാഴ്ച.

ടോട്ടോചാൻ മുതൽ മർബസ് ഇക്നോത്ത വരെ

നാലു വയസുകാരി ആര്യ ഹബീബ ക്രിസ്തുമസ് നക്ഷത്രം വാങ്ങാനായി മാറ്റി വച്ച പണം കൊണ്ട് വാങ്ങിയ 'ടോട്ടോചാൻ' എന്ന പുസ്തകം മുതൽ യുവ കഥാകൃത്ത് അരുൺ സെബാസ്റ്റ്യന്റെ പുതിയ നോവൽ ' മർബസ് ഇക്നോത്ത' വരെ ലൈബ്രറിയിലേക്ക് എത്തി. വ്യാകരണ ഗ്രന്ഥങ്ങളും, ഡിക്ഷണറികളും, വിശ്വ സാഹിത്യ കൃതികളും, ഇംഗ്ലീഷ് നോവലുകളും, ബഷീർ സമ്പൂർണ്ണ കൃതികളും, പൗലോ കൊയ്‌ലോയുടെ ഒട്ടു മിക്ക പുസ്തകങ്ങളും... വായനക്കാരെ കാത്തിരിക്കുന്നു.

 ലൈബ്രറിക്കായി കോളേജുകളും കൈകോർത്തപ്പോൾ

'നൽകാമൊരു പുസ്തകം, വളർത്താമൊരു നാടിനെ ' എന്ന ആശയത്തോടെ മൂലമറ്റം സെന്റ് ജോസഫ് കോളേജിലെ അധ്യാപകരും, അനധ്യാപകരും , വിദ്യാർത്ഥികളും കൂടെ നിന്നപ്പോൾ ആയിരം പുസ്തകങ്ങളും , അവ സൂക്ഷിക്കാനുള്ള ഷെൽഫുകളും സ്കൂളിൽ എത്തിച്ചു. മുരിക്കാശ്ശേരി മാർ സ്ലീവ കോളേജിലെ ' അക്ഷരത്താൾ'  എന്ന് മലയാളം ക്ലബിന്റെ നേതൃത്വത്തിലും ഏലപ്പാറ സ്കൂളിനായി പുസ്തകങ്ങൾ ശേഖരിച്ചു.


പുസ്തകം ആവശ്യമുണ്ടെന്നറിഞ്ഞ് കേരളത്തിലെ വിവിധ ഇടങ്ങളിൽ നിന്ന് നിരവധിപ്പേർ അധ്യാപകരെ ബന്ധപ്പെട്ടു. കടൽ കടന്ന്  ലണ്ടനിൽ നിന്ന് ഒരു കോൾ എത്തി. എബിൻ ജോർജ്ജ് എന്ന കട്ടപ്പനക്കാരനായിരുന്നു മറുതലയ്ക്കൽ. എഴുപത്തി അഞ്ച് പുസ്തകങ്ങൾ അദ്ദേഹം നാട്ടിലെ പുസ്തക ശാലയിൽ വിളിച്ചു പറഞ്ഞു സ്കൂളിൽ എത്തിച്ചു. അധ്യാപകരും, ഉദ്യോഗസ്ഥരും, വിദ്യാർത്ഥികളും, അക്ഷരങ്ങളെ ഇഷ്ടപ്പെടുന്ന സാധാരണക്കാരായ ജനങ്ങളും ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകുന്നു.തന്റെ പിറന്നാളിന് അഭ്യുത് എന്ന ബിരുദ വിദ്യാർത്ഥി ലൈബ്രറിക്കായി പുസ്തകങ്ങൾ നൽകി.  സുഗതകുമാരിയുടെ പുസ്തകങ്ങൾ നൽകി കോവിൽ മല രാജാവ് രാമൻ രാജ മന്നാനും ഇതിന്റെ ഭാഗമായി. ഇന്ത്യയിൽ നിലവിലുള്ള രണ്ട് ആദിവാസി രാജ വംശങ്ങളിലൊന്നാണ് കോവിൽ മലയിലുള്ളത്. വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന കൈത്താങ്ങ് എന്ന സംഘടനയും പുസ്തകങ്ങൾ എത്തിച്ചു.

തോട്ടം മേഖലയിലെ പ്രശ്നങ്ങൾ അറിയാവുന്ന ആളുകൾ കൂടുതൽ പുസ്തകങ്ങൾ കൊടുക്കുന്നുണ്ട്. പുസ്തകം വാങ്ങാനായി ഒരു പത്രപ്രവർത്തകന്റെ അടുക്കൽ പോയപ്പോൾ അദ്ദേഹം പറഞ്ഞത് മനസ്സലിയിപ്പിക്കുന്ന കാര്യങ്ങളാണ്. അദ്ദേഹത്തിന്റെ കുട്ടിക്കാലത്ത് മണിക്കൂറുകൾ നീണ്ട യാത്രയിലാണ് കോളേജിൽ എത്തുക. നാട്ടിലെ ഒരു കൊച്ചു ലൈബ്രറിയായിരുന്നു അറിവ് നേടാനുള്ള ആശ്രയം. ആ വായനയാണ് അദ്ദേഹത്തെ മികച്ച പത്രപ്രവർത്തകനാക്കിയത്. ഇങ്ങനെയുള്ള ഒത്തിരി അനുഭവങ്ങൾ അധ്യാപകർ പങ്കു വയ്ക്കുന്നു. നാളത്തെ തലമുറ എങ്കിലും രക്ഷപ്പെടണം എന്ന ആഗ്രഹമാണ് പുസ്തകം തരുന്ന എല്ലാവർക്കും ഉള്ളത്. ആ പ്രതീക്ഷയ്ക്ക് വളമായി ഹാരിപോട്ടറും, ആൽക്കെമിസ്റ്റും, അഗ്നി ചിറകുകളും ലൈബ്രറിയിലേക്ക് തപാൽ വഴിയും അല്ലാതെയും എത്തുകയാണ്.

പിന്നെയും പ്രകൃതി കൂടെ നിന്നപ്പോൾ...

പ്രതീക്ഷച്ചതിലപ്പുറം പ്രതികരണമാണ് ഇപ്പോഴും കിട്ടുന്നത്. ആയിരക്കണക്കിന്. പുതിയതും പഴയതുമായ മലയാളം, ഇംഗ്ലീഷ്, തമിഴ് ഭാഷയിലെ പുസ്തകങ്ങളാണ് ലൈബ്രറിയിലേക്ക് എത്തിയത്. പുസ്തകങ്ങൾ തരാമെന്ന വാഗ്ദാനവും പലയിടത്തു നിന്നും എത്തുന്നു. പുസ്തകങ്ങൾ അധികമുണ്ടെങ്കിൽ നേരിട്ട് ചെന്ന് അധ്യാപകർ വാങ്ങുന്നുണ്ട്. ലൈബ്രറിക്ക് വേണ്ട പുസ്തകങ്ങളോടൊപ്പം റാക്കുകൾ എവിടെ നിന്ന് ലഭിക്കും എന്ന ആശങ്ക അധ്യാപകർക്ക് ഉണ്ടായിരുന്നു. പക്ഷേ അവിടെയും പ്രകൃതി കൂടെ നിന്നു.

നെടുങ്കണ്ടം എം.ഇ.എസ്. കോളേജിലെ ഭാഷാ വിഭാഗം, മൂലമറ്റം സെന്റ് ജോസഫ് കോളേജ് എന്നിവയുടെ സഹായത്താൽ റാക്കുകൾ ലഭിച്ചു. " സ്കൂളിലെ അധ്യാപിക ഹസീന ടീച്ചറുടെ സുഹൃത്ത് മുനീർ ക്യാമ്പൈൻ തുടങ്ങിയ സമയത്ത് തന്നെ 5000 രൂപയുടെ പുസ്തകങ്ങൾ നൽകാമെന്ന് ഏറ്റിരുന്നു. പുസ്തകങ്ങൾ അത്യാവശ്യത്തിന് ലഭിച്ചതോടെ റാക്കുകളുടെ കാര്യം അദ്ദേഹത്തോട് പറഞ്ഞു. റാക്കുകൾ ഉടനെ തന്നെ അദ്ദേഹം സ്കൂളിൽ എത്തിച്ചു." - ഫൈസൽ മുഹമ്മദ് പറയുന്നു. പലരും കൈകോർത്തപ്പോൾ ലൈബ്രറി സ്വപ്നമല്ലാതായി.

ലൈബ്രറിയുടെ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. റാക്കുകളിൽ പുസ്തകങ്ങൾ അടുക്കുന്ന പ്രവർത്തനങ്ങൾ നടക്കുകയാണ്. കുട്ടികൾ പുസ്തകങ്ങൾ തേടി എത്തുന്നു.

ഹെഡ്മിസ്ട്രസ്സ്, പഞ്ചായത്ത് ഹൈസ്കൂൾ ഏലപ്പാറ, ഇടുക്കി, പിൻ- 685501 എന്ന വിലാസത്തിൽ പുസ്തകങ്ങൾ അയയ്ക്കാം.കൂടുതൽ പുസ്തകങ്ങൾ ഉണ്ടെങ്കിൽ 9495042251, 9446103575, 9544652023 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. ലൈബ്രറിക്ക് ആവശ്യമായ മറ്റു സഹായങ്ങൾ ചെയ്യാൻ കഴിയുമെങ്കിലും വിളിക്കാം. ഒരു പുസ്തകം കൊണ്ട് ഒരായിരം പേരുടെ സ്വപ്നങ്ങൾ സാക്ഷാൽകരിക്കുന്നതിൽ പങ്കാളിയാകാം.

" ഈ ലോകത്തിലെ ഏറ്റവും വലിയൊരു സത്യമെന്താണെന്നോ? ഒരാൾ ആരോ എന്തോ ആകട്ടെ, എന്തെങ്കിലുമൊന്ന് പൂർണ്ണ മനസ്സോടെ തീവ്രമായി ആഗ്രഹിക്കുന്നുവെങ്കിൽ ..അതു നടക്കാതെ വരില്ല". - ആൽക്കെമിസ്റ്റിലെ ഈ വാക്കുകൾ നാളെ ഏലപ്പാറയിലെ കുട്ടികളടക്കം വായിച്ചേക്കാം. അത് വായിക്കുമ്പോൾ അവരുടെ മുമ്പിലുള്ള ഉദാഹരണം, ജീവിതത്തിലെ ഈ അധ്യാപകരായിരിക്കാം.


🖊ജോമോൾ ജോസ്

ഇടുക്കി

അഭിപ്രായങ്ങള്‍